സ്ഥാപന ചരിത്രം
ഒരു വശത്ത് വാമനപുരം നദിയും മറുഭാഗത്ത് അഞ്ചുതെങ്ങു കായലും മറ്റൊരു ഭാഗമായ പാലാംകോണം പ്രദേശത്ത് നിബിഡമായ വനവും ഉണ്ടായിരുന്നതിനാല്‍ കടക്കാന്‍ കഴിയാത്ത ഊര് “കടക്കിറതുക്ക് റൊമ്പ കഷ്ടമാന ഊര്” എന്ന പ്രയോഗത്തില്‍ നിന്നും കടയ്ക്കാവൂര്‍ എന്ന പേരു ലഭിച്ചു എന്നും പറയപ്പെടുന്നു. 1974-ലാണ് കടയ്ക്കാവൂര്‍ പഞ്ചായത്ത് ഇന്നത്തെ രൂപത്തില്‍ നിലവില്‍ വന്നത്. അതിനു മുമ്പ് അഞ്ചുതെങ്ങ് ആസ്ഥാനമായി കടയ്ക്കാവൂര്‍ വില്ലേജ് അഫിലിറ്റ് എന്ന പേരിലായിരുന്നു ഇതറിയപ്പെട്ടിരുന്നത്. പഞ്ചായത്തു വിഭജനത്തെ തുടര്‍ന്ന് അഞ്ചുതെങ്ങ് പ്രദേശം വിട്ടുപോകുകയും വക്കം പ്രദേശത്തിന്റെ കുറച്ചു ഭാഗങ്ങള്‍ കൂടി ചേര്‍ത്തുകൊണ്ട് കടയ്ക്കാവൂര്‍ പഞ്ചായത്ത് രൂപികൃതമാവുകയും ചെയ്തു. മാച്ചത്ത് മുക്കിനു സമീപത്തുള്ള ഒരു വാടക കെട്ടിടത്തിലായിരുന്നു 14 വര്‍ഷത്തോളം പഞ്ചായത്തോഫീസ് പ്രവര്‍ത്തിച്ചിരുന്നത്. അതിനുശേഷം ചാവടിമുക്കില്‍ പഞ്ചായത്ത് സ്വന്തമായി നിര്‍മ്മിച്ച കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുകയും ചെയ്തു. ബ്രീട്ടീഷ് വിരുദ്ധ വിപ്ളവങ്ങളില്‍ ഭാഗഭാക്കാവുന്നതോടെയാണ് കടയ്ക്കാവൂര്‍ ചരിത്ര രേഖകളില്‍ സ്ഥാനം പിടിക്കുന്നത്. ചിറയിന്‍കീഴ് താലൂക്കില്‍ ഉള്‍പ്പെട്ട കടയ്ക്കാവൂര്‍ പ്രദേശത്തിലെ ദേശാഭിമാനികള്‍ ആരംഭകാലം മുതലേ ബ്രീട്ടിഷുകാര്ക്കെതിരായിരുന്നു. അതിനുദാഹരണമായിരുന്നു 1721-ലെ ആറ്റിങ്ങല്‍ ലഹള. ബ്രീട്ടിഷുകാര്‍ക്കെതിരെ ഇന്ത്യയില്‍ നടന്ന ആദ്യത്തെ ആസൂത്രിത മുന്നേറ്റമായിരുന്നു ആറ്റിങ്ങല്‍ കലാപം.
കടയ്ക്കാവൂര്‍ എന്ന സ്ഥലപ്പേര് ലഭിച്ചതിനു പിന്നില്‍ വ്യത്യസ്തങ്ങളായ ഐതീഹ്യങ്ങളാണ് നിലനില്‍ക്കുന്നത്. കടലും കായലും ചെര്‍ന്നു കിടക്കുന്ന പ്രദേശമെന്ന നിലയില്‍ കടല്‍-കായല്‍-ഊര് എന്നത് കടയ്ക്കാവൂര്‍ ആയി പരിണമിച്ചു എന്നതാണ് ഒരു കഥ. കടയ്ക്കാവൂരിന്റെ ഉയര്‍ന്ന പ്രദേശങ്ങളായ മേല്‍കടയ്ക്കാവൂര്‍ ഭാഗങ്ങളില്‍ അടയ്ക്കാ ഉല്പാദനം കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍ അടയ്ക്കാഊരെന്ന് ഈ പ്രദേശത്തെ വിളിച്ചുവരുകയും കാലക്രമേണ അത് കടയ്ക്കാവുരെന്ന് മാറുകയും ചെയ്തു എന്നതാണ് മറ്റൊരു വാദം. ഒരുവശത്ത് വാമനപുരം നദിയും മറുഭാഗത്ത് അഞ്ചുതെങ്ങു കായലും മറ്റൊരു ഭാഗമായ പാലാംകോണം പ്രദേശത്ത് നിബിഡമായ വനവും ഉണ്ടായിരുന്നതിനാല്‍ കടക്കാന്‍ കഴിയാത്ത ഊര് “കടക്കിറതുക്ക് റൊമ്പ കഷ്ടമാന ഊര്” എന്ന പ്രയോഗത്തില്‍ നിന്നും കടയ്ക്കാവൂര്‍ എന്ന പേരു ലഭിച്ചു എന്നും പറയപ്പെടുന്നു.